മുംബൈ: കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിച്ച യുവാവിനെ മഹാരാഷ്ട്ര സ്റ്റേറ്റ് മാന്‍ഗ്രോവ് സെല്‍ അറസ്റ്റ് ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്. 30 കിലോഗ്രാം ഉണക്കിയ കടല്‍ക്കുതിരകളെയാണ് ഇയാളിൽ നിന്നും പിടികൂടിയത്.സംശയാസ്പദമായി ബാഗില്‍ കണ്ടെത്തിയ പൊതിക്കെട്ട് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഉണക്കിയ കടല്‍ക്കുതിരകളെ കണ്ടെത്തിയത്.അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തില്‍ പെടുന്നവയാണ് കടല്‍ക്കുതിരകള്‍. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് ശേഖരിക്കുന്ന കടല്‍ക്കുതിരകള്‍ മലേഷ്യ, തായ്ലന്ഡ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പാരമ്പര്യ ചൈനീസ് മരുന്നുകള്‍, ലൈംഗികോത്തേജന മരുന്നുകള്‍ എന്നിവയുടെ നിർമാണത്തിനായായാണ് കടല്‍ക്കുതിരകളെ കൂടുതലായതും ഉപയോഗിക്കുന്നത്.