India, News

രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് പൊളിച്ചു;തകർത്തത് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌

keralanews nirav modis bungalow demolished by explosives

മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ തകര്‍ത്തു.ഒന്നരയേക്കറില്‍ കോടികള്‍ ചെലവഴിച്ച്‌ നീരവ് മോദി കെട്ടി ഉയര്‍ത്തിയ ഒഴിവുകാല വസതിയാണ് ഇതോടെ തകർന്നത്.കയ്യേറ്റങ്ങളും നി‍ര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്. 33,000 ചതുരശ്ര അടിയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ‘രൂപാന’ എന്ന ബംഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. 25 കോടി രൂപ ചെലവിട്ടാണ്  നീരവ് മോദി ബംഗ്ലാവ് കെട്ടിപ്പടുത്തതെന്നാണ് വിവരം. ഒട്ടേറെ മുറികള്‍, അത്യാഡംബര പ്രൈവറ്റ് ബാറുകള്‍ എന്നിവയടങ്ങിയതാണ് ഈ കെട്ടിടം. മുപ്പത് കിലോ സ്ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്തുക്കളും ലേലത്തില്‍ വയ്ക്കും.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000കോടില്‍ പരം രൂപ വായ്പയെടുത്ത് രാജ്യംവിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു.

Previous ArticleNext Article