തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ പോയ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി പിടിയിലായി.തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്.ഇവിടെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിലിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി.അശോകൻ,ഷാഡോ പോലീസ് എസ്‌ഐ പി.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇമാമിനെ പിടികൂടിയത്.ഇമാമിനെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി ഇയാളുടെ സഹോദരനടക്കം മൂന്നുപേരുടെ മൊബൈൽ നമ്പറുകൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.ഈ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. രാത്രിയോടെ തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലെത്തിച്ച ഇമാമിനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം.പേപ്പാറയ്ക്കടുത്തുള്ള വനത്തിൽ വെച്ച് ഇമാം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. ഇയാൾക്കെതിരെ വിതുര പോലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു.തുടർന്ന് ഇയാൾ ഒളിവിൽ പോയി.ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കുടുംബവുമായുള്ള പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി തന്റെ വാഹനത്തില്‍ കയറാന്‍ തയാറായത്.പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി പറഞ്ഞു.എന്നാല്‍ പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ടതോടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. തൊഴിലാളികളുടെ ചോദ്യത്തിന് പരസ്പര വിരുദ്ധമായാണ് ഇയാൾ മൊഴി നൽകിയത്.തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തായത്.