വയനാട്:വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെയ്പ്പ്.ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീലാണെന്ന് സൂചനയുണ്ട്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വൈത്തിരിയില്‍ ദേശീയപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനടുത്തുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് തണ്ടര്‍ ബോള്‍ട്ടിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സംഘം പ്രദേശത്ത് എത്തുകയും മാവോയിസ്റ്റുകളുമായി വെടിവെപ്പ് നടത്തുകയുമായിരുന്നു. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘവും കൂടുതല്‍ പോലീയും ഇന്ന് രാവിലെയോടെ എത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് കട്ടിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.പ്രദേശവാസികളോട് വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.
Kerala, News
വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെയ്പ്പ്;ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു;പ്രദേശത്ത് കനത്ത ജാഗ്രതാനിർദേശം
Previous Articleഅയോദ്ധ്യ കേസിൽ മധ്യസ്ഥത;കേസ് സുപ്രീം കോടതി വിധിപറയാനായി മാറ്റി