Kerala, News

കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സര്‍ക്കാര്‍; കാർഷിക വായ്‌പ്പാ പരിധി രണ്ടുലക്ഷമാക്കി; മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി

keralanews govt with relief project to farmers agricultural loan limit has been increased to two lakh and the moratorium extended till december 31

തിരുവനന്തപുരം:കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക വായ്‌പകളിലെ മൊറൊട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷികേതര വായ്‌പകള്‍ക്കും മൊറൊട്ടോറിയം ബാധകമായിരിക്കും. 2014 മാര്‍ച്ച്‌ 31വരെയുള്ള വായ്‌പകള്‍ക്കാണ് മൊറൊട്ടോറിയം. ഇടുക്കിയിലും വയനാട്ടിലും ആഗസ്‌ത് 31 വരെയുള്ള വായ്പകള്‍ക്ക് മൊറൊട്ടോറിയം ബാധകമായിരിക്കും. കാര്‍ഷിക കടാശ്വാസ കമീഷന്‍ വായ്‌പാ പരിധി ഇരട്ടിയാക്കി. ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് 85 കോടി രൂപ ഉടന്‍ അനുവദിക്കാനും എല്ലാ വിളകള്‍ക്കുമുള്ള തുക ഇരട്ടിയാക്കാനും മന്ത്രിസഭായോഗദം തീരുമാനിച്ചു. ഇതില്‍ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും നല്‍കുക.ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്ബത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നല്‍കും. വായ്‌പ എടുക്കുന്ന തിയതി മുതലുള്ള ഒരു വര്‍ഷത്തേക്കായിരിക്കും നല്‍കുക. കാര്‍ഷിക കടശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ കൃഷി ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തി.
അതേസമയം, കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ രാവിലെ 10 മുതല്‍ 5 മണി വരെ ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. കൂടാതെ, ഈ മാസം 11ന് കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുളള വായ്പകള്‍ എഴുതിത്തളളണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരം.പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കാര്‍ഷിക മേഖല കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി. പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്. പ്രളയത്തെ തുടര്‍ന്ന് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാങ്കുകള്‍ വകവയ്ക്കുന്നില്ല. എന്നാല്‍ സര്‍ക്കര്‍ ഗ്യാരണ്ടി നല്‍കാതെ വിട്ടുവീഴ്ചക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

Previous ArticleNext Article