ചിറ്റാരിക്കാൽ:തെയ്യം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കുളിനീരിലെ ബിരിക്കുളത്ത് കോട്ടയില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് ഞായറാഴ്ചയാണ് സംഭവം.ചിറ്റാരിക്കാലില്‍നിന്ന് ആറുകിലോമീറ്ററോളം അകലെ തയ്യേനിക്കടുത്ത കുണ്ടാരം കോളനിയില്‍ തെയ്യം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്.കോളനി നിവാസികളുടെ തറവാട് ക്ഷേത്രമാണ് കുളിനീരിലെ വീഷ്ണുമൂര്‍ത്തി ദേവസ്ഥാനം. ഓലകൊണ്ട് കെട്ടിയ താത്കാലിക ക്ഷേത്രമാണ് ഇവിടെ ഉള്ളത്. ചെങ്കുത്തായ പ്രദേശത്തുള്ള ക്ഷേത്രത്തില്‍ മരപ്പലക കൊണ്ട് താത്കാലികമായി നിര്‍മിച്ച പ്ലാറ്റ് ഫോമില്‍നിന്നാണ് ആളുകള്‍ തെയ്യം വീക്ഷിച്ചിരുന്നത്. എല്ലാവരും നോക്കിനില്‍ക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ആര്‍ക്കും മനസ്സിലായില്ല. താഴെ വീണ സുരേന്ദ്രനെ കൂടിനിന്നവര്‍ ഓടിച്ചെന്ന് കോരിയെടുത്തപ്പോഴേക്കും അനക്കമറ്റിരുന്നു. തുടര്‍ന്ന് വെള്ളം കൊടുത്തെങ്കിലും അതും ഇറക്കിയില്ല. ഉടന്‍തന്നെ തെയ്യംവേഷം അഴിച്ചുമാറ്റി ആളുകള്‍ ഓട്ടോറിക്ഷയില്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ തന്നെമരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു.ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തെയ്യം കെട്ടിയാടിയത്. പകല്‍ 11 മണിവരെ ഏതാണ്ട് എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി പഞ്ചുരുളി കെട്ടിയാടി സുരേന്ദ്രന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പഞ്ചുരുളിക്കുശേഷം കെട്ടിയാടേണ്ട തെയ്യങ്ങളെല്ലാം സുരേന്ദ്രന്റെ മരണത്തോടെ നിര്‍ത്തിവെച്ചു.