ന്യൂഡൽഹി: പുല്‍വാമയില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശക്തമായി തിരിച്ചടി നൽകി ഇന്ത്യ.അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു.12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വിവരം പുറത്തുവിട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അക്രമണം. 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് സൂചന.ജയിഷെ മുഹമ്മദ് തീവ്രവാദികളുടെ പ്രഭാഷണം നടക്കുന്ന ബലാപൂരിനെയാണ് മിറാഷ് വിമാനങ്ങള്‍ പ്രധാനമായും ആക്രമിച്ചത്. ലേസര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ബോംബ് വര്‍ഷത്തില്‍ മുന്നൂറോളം ഭീകരരെ വധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇതാദ്യമായാണ് പാക്കിസ്ഥാനിൽ കടന്നുകയറി ഇന്ത്യൻ വ്യോമസേനാ ആക്രമണം നടത്തുന്നത്.നേരത്തെ കാർഗിൽ യുദ്ധത്തിലും മറ്റും പാക് അധീന കാശ്മീരിൽ വ്യോമസേനാ ആക്രമണം നടത്തിയിരുന്നെങ്കിലും പാക്കിസ്ഥാനിൽ കടന്നിരുന്നില്ല. പാക്കിസ്ഥാനിലെ ഭീകരതവളത്തിൽ ബോംബ് മിറാഷ് യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി.യുദ്ധവിമാനങ്ങൾക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തതായി സൈന്യം പറഞ്ഞു.മുസഫറാബാദ് മേഖലയില്‍ ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിക്കുന്നു. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ നാശനഷ്ടങ്ങളോ മരണമോ ഇല്ലെന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ജയ്ഷെ ക്യാംപിലെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന് തന്നെ വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.