Kerala, News

ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തം;കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം

keralanews fire break out at brahmapuram waste management plant

കൊച്ചി:കൊച്ചിയില്‍ വീണ്ടും തീപിടുത്തം.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.ഏക്കറ് കണക്കിന് വരുന്ന മാലിന്യ പ്ലാന്റില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്.കാറ്റ് വീശിയതോടെ തീ പിന്നീട് വലിയ തോതില്‍ പടര്‍ന്നു. തൃക്കാക്കര , ഏലൂര്‍, പട്ടിമറ്റം, തൃപ്പൂണിത്തുറ, മുവാറ്റുപുഴ എന്നിവിടങ്ങളിലെ പത്തോളം അഗ്‌നിശമന സേന യൂണിറ്റുകൾ എത്തി രാത്രിയിലും തീയണക്കാന്‍ ശ്രമം തുടര്‍ന്നെങ്കിലും ഇപ്പോഴും തീ അണയ്ക്കാനായിട്ടില്ല.ബ്രഹ്മപുരം, കരിമുകള്‍, കാക്കനാട് ഭാഗത്തെ ആളുകള്‍ ഭീതിയിലാണ് . ബ്രഹ്മപുരം ഭാഗത്തും ഇന്‍ഫോപാര്‍ക്ക് ഭാഗത്തും ആളുകള്‍ക്ക് ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതായി പറയുന്നു.10 കിലോമീറ്റര്‍ ഇപ്പുറത്ത് വൈറ്റില ചമ്പക്കര എന്നീ പ്രദേശങ്ങളില്‍ ഉള്‍പ്പടെ പുക പടര്‍ന്നിട്ടുണ്ട്.വന്‍ തോതില്‍ പ്ലാസ്റ്റിക് കത്തിയത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.ഫയര്‍ഫോഴ്‌സ് സ്ഥലത്ത് ഇപ്പോഴും ക്യാമ്ബ് ചെയ്യുകയാണ്.ഈ വര്‍ഷം ഇത് നാലാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്.എംഎല്‍എ വി പി സജീന്ദ്രന്‍, മേയര്‍ സൗമിനി ജയിന്‍, കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഡെപ്യൂട്ടി കലക്ടര്‍ ഷിലാദേവി എന്നിവര്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.തീ പിടിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മാലിന്യവുമായി വരുന്ന വണ്ടികള്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് തങ്ങള്‍ക്ക് പോകേണ്ടിവരുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ വി പി സജീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തര യോഗം വിളിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Previous ArticleNext Article