കാസർകോഡ്:ഔദ്യോഗിക പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്ന് കാസർകോട്ട് എത്തും. ഇതോടൊപ്പം പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.മുഖ്യമന്ത്രി വീട്ടിലെത്തുന്നതിനെ കുറിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം എന്താണെന്നും, മുഖ്യമന്ത്രി വന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമോ എന്നും സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളോട് ആരാഞ്ഞു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടനം എന്നീ പൊതുപരിപാടികളില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്. അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം. മുഖ്യമന്ത്രി വന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്‍റെ പിതാവ് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.