ജമ്മു കാശ്മീർ:ജമ്മു കശ്മീരിലെ അവന്തിപ്പുരയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിൽ മലയാളി ഉള്‍പ്പെടെ 44 സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു. എണ്‍പതോളം പേര്‍ക്കു പരിക്കേറ്റു.വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാറാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി.2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് വസന്തകുമാര്‍. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ 78 വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേര് സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.അതേസമയം പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണെന്ന് പാകിസ്താന് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്താന് പ്രതികരിച്ചു.ആക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സി.ആര്.പി.എഫ് മേധാവി ആര്. ആര് ഭട്നാഗറുമായി ചര്‍ച്ച നടത്തി.അതേസമയം പല സൈനികരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.