Kerala, News

കടുവയിറങ്ങുന്നത് പതിവാകുന്നു;നാട്ടുകാർ പ്രതിഷേധത്തിലേക്ക്

keralanews natives are ready for action against tiger attack in wayanad

വയനാട്:മരക്കടവ്, പെരിക്കല്ലൂര്‍ പ്രദേശങ്ങളില്‍ കടുവയിറങ്ങുന്നത് പതിവായ സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ ധര്‍ണ നടത്തും. ഒരു മാസം മുൻപ് മരക്കടവില്‍ കടുവയിറങ്ങിയപ്പോള്‍ കൂട് സ്ഥാപിച്ച്‌ കടുവയെ പിടികൂടണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമപരമായ കാരണങ്ങൾ പറഞ്ഞ് കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തയ്യാറായില്ല.ഉന്നതാധികാരികളില്‍നിന്ന് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ കൂട് സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഞായറാഴ്ച പെരിക്കല്ലൂരിലും കടുവയെ കണ്ടതോടെയാണ് സമരം  ആരംഭിക്കാൻ നാട്ടുകാര്‍ തീരുമാനിച്ചത്. കടുവയെ കൂട് സ്ഥാപിച്ച്‌ പിടിച്ചില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. രാത്രികാല നിരീക്ഷണമടക്കമുള്ള മുന്‍കരുതലുകള്‍ വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഉറക്കമിളച്ച്‌ വളര്‍ത്ത് മൃഗങ്ങള്‍ക്ക് കാവലിരിക്കുകയാണ് ഗ്രാമവാസികള്‍. കബനി നദിയുടെ സമീപമുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഒരു മാസത്തിനിടെ നിരവധി തവണയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ കടുവയിറങ്ങിയത്. മരക്കടവിലിറങ്ങിയ കടുവ ഒരു പശുവിനെ കൊന്ന് തിന്നിരുന്നു. ഈ കടുവയെ പ്രദേശത്തെ തോട്ടത്തില്‍ നിന്ന് തുരത്താന്‍ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ഒരാഴ്ചയോളം പരിശ്രമിച്ചിരുന്നു. ഇതുവരെ കടുവയുടെ സാന്നിധ്യം ഇല്ലാതിരുന്ന പെരിക്കല്ലൂരില്‍  കഴിഞ്ഞ ദിവസം കടുവയെ കണ്ടതാണ് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുന്നത്.

Previous ArticleNext Article