ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു.പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.2015 നവംബര്‍ 24ന് പ്രതിരോധ മന്ത്രാലയം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് നല്കിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ വിമര്‍ശിക്കുന്നത്. 2018 ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഏഴംഗ സംഘമാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.ഈ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിൽ കരാറില്‍ ഇടപ്പെട്ടതായി പരാമര്‍ശമില്ല.റഫാല്‍ കരാറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.