ന്യൂഡൽഹി:മണിക്കൂറുകള്‍ നീണ്ട വാദ-പ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമല കേസ് സുപ്രീം കോടതി വിധി പറയാനായി മാറ്റി. വിധിയെ അനുകൂലിച്ചും എതിര്‍ത്തുമുളള വാദങ്ങള്‍ മൂന്നര മണിക്കൂറാണ് കോടതി കേട്ടത്. മുഴുവന്‍ ഹര്‍ജികളും കേള്‍ക്കാന്‍ തയ്യാറാകാത്ത കോടി അവശേഷിച്ച ഹര്‍ജികളില്‍ വാദം എഴുതി നല്‍കാന്‍ നിര്‍ദേശം നല്‍കി.രാവിലെ പത്ത് മണിയോടെയാണ് ശബരിമല കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷകരാണ് ആദ്യം വാദിച്ചത്. എന്‍എസ്‌എസിന് വേണ്ടി കെ പരാശരന്‍, ശബരിമല തന്ത്രിക്ക് വേണ്ടി വിവി ഗിരി, പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി മനു അഭിഷേഖ് സിംഗ്വി, ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖര്‍ നാഫ്‌ഡെ, ബിജെപി നേതാവ് രാധാകൃഷ്ണ മേനോന് വേണ്ടി മോഹന്‍ പരാശരന്‍, ഉഷ നന്ദിനിക്ക് വേണ്ടി ഗോപാല്‍ ശങ്കര നാരായണന്‍, പന്തളം കൊട്ടാരത്തിന് വേണ്ടി സായ് ദീപക് അടക്കമുളളവര്‍ വാദിച്ചു.ഹര്‍ജിക്കാരുടെ വാദങ്ങള്‍ മുഴുവന്‍ കേള്‍ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ അഭിഭാഷകര്‍ ബഹളമുണ്ടാക്കി. എന്നാല്‍ മര്യാദയ്ക്ക് പെരുമാറുന്നില്ലെങ്കില്‍ കോടിയലക്ഷ്യം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ബാക്കിയുളളവരുടെ വാദങ്ങള്‍ എഴുതി നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത വാദിച്ചു. പുനപരിശോധനാ ഹര്‍ജികളെ എതിര്‍ത്താണ് സര്‍ക്കാര്‍ നിലപാടെടുത്തത്.ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞ ശേഷം വാദം വീണ്ടും തുടര്‍ന്നു. ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദം ആരംഭിച്ചു. സര്‍ക്കാര്‍ നിലപാടിനോട് യോജിച്ച് കൊണ്ടുളള വാദങ്ങളാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ട് വെച്ചത്. തുടര്‍ന്ന് ഹാപ്പി ടു ബ്ലീഡ്, ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ക്ക് വേണ്ടി ഇന്ദിര ജയ്‌സിംഗ് ഹാജരായി. വിധി തുടരണമെന്ന് ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.മൂന്ന് മണിയോടെ വാദം പൂര്‍ത്തിയായി കോടതി കേസ് വിധി പറയുന്നതിനായി മാറ്റി.