പത്തനംതിട്ട:യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതിൽ തെറ്റില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരരുടെ വിശദീകരണം.ദേവസ്വം ബോർഡിന് നൽകിയ വിശദീകരണത്തിലാണ് തന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ നടത്തുമെന്നും ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ തന്ത്രി വ്യക്തമാക്കി.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതിന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് നേരത്തെ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരം കമ്മീഷണര്‍ തന്ത്രിക്ക് കത്ത് നല്‍കി. ഈ കത്തിനുള്ള മറുപടിയിലാണ് തന്‍റെ നിലപാട് തന്ത്രി വ്യക്തമാക്കിയത്.യുവതികള്‍ പ്രവേശിച്ച വിവരം സ്ഥിരീകരിച്ചപ്പോള്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ബന്ധപ്പെട്ടിരുന്നുവെന്ന് വിശദീകരണക്കുറിപ്പില്‍ തന്ത്രി പറയുന്നു. ആചാരലംഘനമുണ്ടായ സാഹചര്യത്തിലാണ് ശുദ്ധിക്രിയ നടത്തിയതെന്നും മൂന്ന് പേജുള്ള വിശദീകരണത്തില്‍ പറയുന്നു.ശുദ്ധിക്രിയ ചെയ്ത നടപടിയില്‍ തന്ത്രി ഉറച്ചു നില്‍ക്കുന്നസ്ഥിതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ തുടര്‍നടപടികള്‍ എന്തായിരിക്കും എന്നത് നിര്‍ണായകമാണ്.