കൊൽക്കത്ത:പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സത്യാഗ്രഹത്തില്‍. ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനായി സത്യാഗ്രഹ സമരം നടത്താന്‍ പോകുകയാണെന്നു പ്രഖ്യാപിച്ച മമത കോല്‍ക്കത്തയില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.മമതയ്ക്കൊപ്പം മന്ത്രിമാരും സത്യാഗ്രഹ സമരം നടത്തുന്നുണ്ട്. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ മമതാ ബാനര്‍ജി രംഗത്തെത്തിയത്. കമ്മിഷണറെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മമത ആരോപിച്ചു.ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബി.ജെ.പി ബംഗാലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ നീക്കമെന്നും മമത ആരോപിച്ചു. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മിഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായും ആദ്യം വിവരം വന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മമതാ ബാനര്‍ജി പിന്നീട് അറിയിച്ചു.