കണ്ണൂർ:മലബാർ ക്യാൻസർ സെന്ററിന് ബജറ്റ് വിഹിതമായി 46 കോടി രൂപ അനുവദിച്ചു.പദ്ധതിയിനത്തിൽ 35 കോടിരൂപയും പദ്ധതിയേതരയിനത്തിൽ 11 കോടി രൂപയും ലഭിക്കും.38.5 കോടി രൂപ ചെലവുവരുന്ന പതിനൊന്ന് പദ്ധതികൾക്കാണ് സെന്റർ അധികൃതർ സർക്കാരിനെ സമീപിച്ചിരുന്നത്.ഇതിൽ 35 കോടിയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. പദ്ധതിയേതരയിനത്തിലുള്ള തുക ശമ്പളം,മരുന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ എന്നിവയ്ക്കുപയോഗിക്കും.കഴിഞ്ഞ വർഷം 50 കോടിയോളം രൂപയാണ് മലബാർ ക്യാൻസർ സെന്ററിനായി നീക്കിവെച്ചിരുന്നത്.
ചാലക്കുന്നിനെ തോട്ടടയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ മിനി ഓവർബ്രിഡ്ജിന് ബജറ്റിൽ അഞ്ചുകോടി രൂപ അനുവദിച്ചു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഉള്ള തോട്ടടയിലേക്ക് റെയിൽപാത മുറിച്ചുകടന്നാണ് ഇപ്പോൾ യാത്രക്കാർ പോകുന്നത്.ഇതോടൊപ്പം നടാൽ ബൈപാസിൽ താഴെചൊവ്വ മുതൽ കീഴ്ത്തള്ളി വരെ പഴയ റോഡ് വീതികൂട്ടാൻ 7 കോടി,കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ വികസനത്തിനായി 7.5 കോടി,കണ്ണൂർ സ്പോർട്സ് ഡിവിഷണൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി,നടാൽ പാലം,കുറുവ പാലം,അയ്യാരത്ത് പാലം എന്നിവയ്ക്കായി 3 കോടി രൂപ വീതവും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.