മോസ്‌കോ:റഷ്യയിലെ കെർഷ് കടലിടുക്കിൽ റഷ്യൻ കടലിൽ ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച രണ്ട് ചരക്ക് കപ്പലുകൾക്ക് തീപിടിച്ചു.റഷ്യൻ സമുദ്രാതിർത്തിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.ടാൻസാനിയയുടെ പതാകയുള്ള കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്.ഇന്ത്യ,തുർക്കി,ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ ജീവനക്കാർ.ഒരു കപ്പലിൽ ദ്രവരൂപത്തിലുള്ള പ്രകൃതി വാതകവും മറ്റൊന്ന് ടാങ്കറുമായിരുന്നു.പ്രകൃതി വാതകം ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.രണ്ടു കപ്പലുകളിലുമായി 32 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇതിൽ 15 പേർ ഇന്ത്യക്കാരാണ്. അപകടത്തിൽ 11 പേർ മരിച്ചതായി റഷ്യൻ വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തു.ഇതിൽ എത്രപേർ ഇന്ത്യക്കാരാണെന്ന് വ്യക്തമല്ല.ആദ്യം ഒരു കപ്പലിന് തീപിടിക്കുകയും ഇത് അടുത്ത കപ്പലിലേക്ക് പടരുകയുമായിരുന്നു.തീപിടുത്തമുണ്ടായ ഉടനെ കടലിൽ ചാടിയ ജീവനക്കാരിൽ പന്ത്രണ്ടുപേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.ഒൻപതു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.