കണ്ണൂർ:കർണാടകയിലെ ഷിമോഗ ജില്ലയിൽ കുരങ്ങുപനി റിപ്പോർട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ ഡോ.നാരായണ നായ്ക്ക് അറിയിച്ചു.സാധാരണ ചെറിയ സസ്തനികൾ,കുരങ്ങുകൾ,ചിലയിനം പക്ഷികൾ തുടങ്ങിയവയിലാണ് കുരങ്ങുപനിയുടെ വൈറസ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ രക്തം കുടിച്ചുവളരുന്ന ഹീമോഫൈസാലിസ് വർഗ്ഗത്തിൽപ്പെടുന്ന ചെല്ലുകളാണ് രോഗാണുവിനെ മനുഷ്യശരീരത്തിൽ എത്തിക്കുന്നത്. ഇത്തരം ചെള്ളുകളുടെ കടിയേൽക്കുന്നതു വഴിയോ രോഗമുള്ളതോ ചത്തതോ ആയ കുരങ്ങുകളുമായുള്ള സമ്പർക്കം വഴിയോ രോഗാണു മനുഷ്യ ശരീരത്തിലേക്ക് പടരാം. അതിനാൽ വനത്തിനോട് ചേർന്ന് താമസിക്കുന്നവർ,വനത്തിൽ കാലിമേയ്ക്കൽ,വിറക് പെറുക്കൽ,തുടങ്ങിയ ആവശ്യങ്ങൾക്ക് പോകുന്നവർ,വനത്തിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ,തുടങ്ങിയവർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ പനി,തലവേദന, ശരീരവേദന,വയറുവേദന,ഛർദി,വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ.ചിലരിൽ രക്തസ്രാവ ലക്ഷണങ്ങളും തലച്ചോറിനെ ബാധിക്കുന്നതു മൂലം ബോധക്ഷയം,അപസ്മാര ലക്ഷണങ്ങൾ എന്നിവയുമുണ്ടാകാം. രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും കൂടുതൽ വിവരങ്ങൾക്കായി ജില്ലാ സർവൈലൻസ് ഓഫീസറുമായി ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു.ഫോൺ:9447256458.