ശബരിമല:ശബരിമലയിൽ നിന്നും പോലീസ് തിരിച്ചിറക്കിയ യുവതികൾ നിരാഹാര സമരത്തിൽ.ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയ കണ്ണൂർ സ്വദേശിനികളായ രേഷ്മാ നിഷാന്ത്, ഷനില എന്നീ യുവതികളെ പോലീസ് പ്രതിഷേധത്തെ തുടര്‍ന്നു തിരിച്ചിറക്കിയത്.നിലക്കലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് എത്തിയത്. പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ ശബരിമല ദര്‍ശനം സാധ്യമാകുന്ന സാഹചര്യമാണ് അവിടെയുണ്ടായിരുന്നതെന്നും രേഷ്മ പറഞ്ഞു.ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ നിരാഹാരം നടത്തുന്നത്. പോലീസ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും യുവതികള്‍ കുറ്റപ്പെടുത്തി. അറസ്റ്റു ചെയ്യുന്നുവെന്ന് പറഞ്ഞാണ് പോലീസ് തങ്ങളെ തിരിച്ചിറക്കിയത്. നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആണെന്നും അടുത്ത നീക്കം അറിയില്ലെന്നും യുവതികള്‍ പറഞ്ഞു.നീലിമലയില്‍ വച്ചാണ് ശരണം വിളിച്ച് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ യുവതികളെ തിരിച്ചിറക്കി. വ്യത്യസ്ത ജീപ്പുകളില്‍ കയറ്റി യുവതികളെ നീലിമലയില്‍ നിന്നും കൊണ്ടുപോവുകയായിരുന്നു.മുകളിലെത്തിയാല്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികള്തിരിച്ചിറങ്ങുകയായിരുന്നു.