Kerala, News

ശബരിമലയിൽ ദർശനത്തിനായി കണ്ണൂർ സ്വദേശിനികളായ യുവതികളെത്തി;പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറക്കി

keralanews young ladies came to visit sabarimala and returned due to protest

ശബരിമല:മണ്ഡലകാലം അവസാനിക്കാനിരിക്കെ ശബരിമലയിൽ വീണ്ടും യുവതികളെത്തി. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില എന്നീ യുവതികളാണ് പുലര്‍ച്ചയോടെ മല ചവിട്ടാനെത്തിയത്.പുലര്‍ച്ചെ നാലരയോടെയാണ് രേഷ്മയും ഷനിലയും പമ്പ കടന്ന് ശബരിമല കയറാന്‍ ആരംഭിച്ചത്. ഇവര്‍ക്കൊപ്പം പുരുഷന്മാര്‍ അടങ്ങിയ ഏഴംഗ സംഘവും ഉണ്ടായിരുന്നു. എല്ലാവരും തന്നെ കണ്ണൂര്‍ സ്വദേശികളാണ്.പമ്പ കടന്ന് നീലിമലയിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് എത്തിയതോടെ മലയിറങ്ങി വരുന്നവരില്‍ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞു.യുവതികള്‍ മല കയറുന്നു എന്ന വിവരെ പടര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി. ഇവർ യുവതികളെ നീലിമലയിൽ തടഞ്ഞു. മൂന്ന് മണിക്കൂറിലധികം നേരമാണ് പ്രതിഷേധക്കാര്‍ ഇവരെ നീലിമലയില്‍ തടഞ്ഞ് വെച്ചത്.പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസുകാരും സ്ഥലത്തേക്ക് എത്തി യുവതികള്‍ക്ക് സുരക്ഷയൊരുക്കി.നീലി മലയില്‍ ഏതാണ്ട് ആയിരത്തോളം പ്രതിഷേധക്കാരാണ് സംഘടിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ അസി. കമ്മീഷണര്‍ എ പ്രദീപ് കുമാര്‍ സ്ഥലത്ത് എത്തി യുവതികളുമായും ഒപ്പമുളള പുരുഷന്മാരുമായും സംസാരിച്ചു. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ല എന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍. എന്നാല്‍ തിരിച്ച്‌ പോകാന്‍ തയ്യാറാവാതെ യുവതികള്‍ നീലിമലയില്‍ കുത്തിയിരുന്നു. പ്രതിഷേധം കണ്ട് ഭയന്ന് മടങ്ങിപ്പോകാനല്ല വന്നത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞില്ലെന്നും ഇപ്പോള്‍ പോലീസ് പുലര്‍ത്തുന്ന നിസംഗതയില്‍ പ്രതിഷേധമുണ്ടെന്നും രേഷ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.പ്രതിഷേധം കനത്തതോടെ പോലീസ് യുവതികളേയും സംഘത്തേയും പമ്ബയിലേക്ക് തിരിച്ചിറക്കി. യുവതികളേയും പുരുഷന്മാരേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കണ്ണൂരില്‍ അധ്യാപികയായ രേഷ്മ നിഷാന്ത് നേരത്തേയും ശബരിമല ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം മൂലം സാധിച്ചിരുന്നില്ല. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പിന്തുണയോടെയാണ് രേഷ്മയും ഷനിലയും ഇത്തവണ ശബരിമലയിലേക്ക് എത്തിയത്.

Previous ArticleNext Article