തിരുവനന്തപുരം:അതിരുകടക്കുന്ന വിവാഹ റാഗിംഗിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്.വിവാഹദിനത്തില്‍ ഓഡിറ്റോറിയത്തിലും വധു വരന്മാരുടെ വീടുകളിലും നടക്കുന്ന ആഘോഷങ്ങള്‍ ക്രമസമാധന പ്രശ്നങ്ങളിലേക്ക് വഴിമാറുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈക്കിള്‍ ചവിട്ടിപ്പിക്കുക, പെട്ടി ഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെസിബിയിലും കയറ്റുക, പഴയ കാര്യങ്ങള്‍, വട്ടപേരുകള്‍ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസില്‍ വിരിയുന്ന ആശയങ്ങളൊന്നും വിവാഹവീട്ടില്‍ നടപ്പാക്കാന്‍ പാടില്ലന്നാണ് പൊലീസ് പറയുന്നത്.കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിവാഹ റാഗിങിന് നിയന്ത്രണം വേണമെന്ന മുന്നറിയിപ്പെന്ന് പൊലീസ് വിശദമാക്കുന്നു.