Kerala, News

കൊല്ലം ബൈപാസ് ഉൽഘാടനം;ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

keralanews prime minister narendramodi will reach kerala to inaugurate kollam bypass

കൊല്ലം:കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു കേരളത്തിലെത്തും.കൊല്ലത്തും തിരുവനന്തപുരത്തുമായാണ് സന്ദര്‍ശനം. വൈകിട്ടു 4മണിക്ക് തിരുവനന്തപുരം വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന മോഡി, ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു തിരിക്കും. 4.50ന് ആശ്രാമം മൈതാനത്തെ ചടങ്ങില്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ പി സദാശിവം, മന്ത്രി ജി സുധാകരന്‍ എന്നിവരും വേദിയിലുണ്ടാകം. ശേഷം, 5.30ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ എന്‍ഡിഎ മഹാസംഗമത്തില്‍ പ്രസംഗിക്കും. ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍നിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി 7നു തലസ്ഥാനത്തെത്തും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ക്ഷേത്രദര്‍ശനം നടത്തും. 8ന് വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍നിന്നു ഡല്‍ഹിയിലേക്കു മടങ്ങും.

മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണു ബൈപാസ്. 1972ല്‍ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം – ആല്‍ത്തറമൂട് ഭാഗവും പുനര്‍നിര്‍മിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കുന്നത്.അതേസമയം, ബൈപ്പാസ് ഉദ്ഘാടനത്തിന് വേദിയില്‍ ഇടം നല്‍കാതെ അപമാനിച്ചെന്ന് കാണിച്ച്‌ ബൈപ്പാസ് കടന്നു പോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികള്‍ രംഗത്തെത്തി.ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ ഇടത് എംഎല്‍എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടം നല്‍കിയിട്ടില്ല.ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണു ബൈപാസ് കടന്നുപോകുന്നത്. കൊല്ലം എംഎല്‍എ എം മുകേഷിനു മാത്രമാണു വേദിയില്‍ ഇടം അനുവദിച്ചത്. എം നൗഷാദിനെയും വിജയന്‍ പിള്ളയെയും കൊല്ലം മേയര്‍ വി രാജേന്ദ്രബാബുവിനും ഒഴിവാക്കി.അതേസമയം ബിജെപിയുടെ എംഎല്‍എയായ ഒ രാജഗോപാലിനും രാജ്യസഭാംഗങ്ങളായ വി മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ ഇരിപ്പിടവും നല്‍കി. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു, എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവരും ഉദ്ഘാടന വേദിയിലുണ്ടാകും.

Previous ArticleNext Article