ശബരിമല:ശബരിമല മകരവിളക്ക് ഇന്ന്.മകരസംക്രമ സന്ധ്യയില്‍ ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയില്‍ നിന്ന് ദേവസ്വം അധികൃതര്‍ തീവെട്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന. തുടര്‍ന്നു പൊന്നമ്മബലമേട്ടിൽ മകര ജ്യോതി തെളിയും.ഇന്ന് ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍ വൈകിട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന കഴിയും വരെ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. ഉച്ചയ്ക്കു ശേഷം തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തുംവരെ പമ്ബയില്‍ നിന്നു സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ വിടില്ല. വലിയ തിരക്കുള്ളതുകൊണ്ട് സുരക്ഷാപ്രശ്നം മുൻനിർത്തി യുവതികളേയും ഇന്ന് മല കയറാന്‍ അനുവദിക്കില്ല.നിലയ്ക്കല്‍ മുതല്‍ യുവതികളെത്തുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. യുവതികളെത്തിയാല്‍ സന്നിധാനത്ത് എന്തും സംഭവിക്കാമെന്ന സാഹചര്യമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷണവും നിയന്ത്രണവും കര്‍ശനമാക്കുന്നത്.