ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിന്റെ പുറത്താക്കല്‍ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത സി. ബി. ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്‌ഷന്‍ കമ്മിറ്റി ഭൂരിപക്ഷ തീരുമാനത്തോടെ ( 2-1) തല്‍സ്ഥാനത്ത് നിന്ന് മാറ്റി.സമിതി അംഗമായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വിയോജിപ്പ് തള്ളിയാണ് തീരുമാനം.ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന സമിതിയുടെ യോഗമാണ് വര്‍മ്മയെ മാറ്റിയത്. രണ്ട് മണിക്കൂര്‍ നീണ്ട യോഗം അലോക് വര്‍മ്മയ്‌ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌തു. പ്രധാനമന്ത്രിയും സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ. കെ. സിക്രിയും സി.വി.സി നിഗമനങ്ങള്‍ ശരിവച്ചപ്പോള്‍ മൂന്നാമത്തെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. തീരുമാനം മാറ്റി വയ്‌ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു.അലോക് വർമ്മയെ നീക്കേണ്ടതില്ലെന്നും റാഫേൽ കേസിൽ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.സി. വി. സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടര മാസം മുന്‍പ് അലോക് വര്‍മ്മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്‌താനയെയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കി മാറ്റിയത്. അതിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു. സി.വി.സി റിപ്പോര്‍ട്ട് പരിഗണിച്ച് പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്‌ചയ്‌ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു.സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ചയാണ് സി.ബി.ഐ ഡയറക്‌ടര്‍ പദവിയില്‍ അലോക് വര്‍മ്മ തിരിച്ചെത്തിയത്. അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. വര്‍മ്മയ്‌ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം. നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.ബുധനാഴ്‌ച രാത്രി ഉന്നതതല സമിതി ചോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.