തിരുവനന്തപുരം:പണിമുടക്കിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് എസ്ബിഐ ശാഖ ആക്രമിച്ച സംഭവത്തിൽ രണ്ട് എൻജിഒ നേതാക്കൾ അറസ്റ്റിൽ.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിലാല്‍ തൈക്കാട് ഏരിയ കമ്മറ്റി അംഗം അശോകന് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഇനി 13 പേര് കൂടി പിടിയിലാകാനുണ്ട്. ഇതില്‍ ഒന്‍പതു പേരെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം.എന്‍ജിഒ യൂണിയന് പ്രസിഡന്റ് അനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി.അക്രമം നടത്താനെത്തിയ സംഘം മാനേജരെ ഭീഷണിപ്പെടുത്തുകയും മേശയും കംപ്യൂട്ടറും ഫോണും അടിച്ചുതകര്‍ക്കുകയും ചെയ്തു. പണിമുടക്ക് ദിനത്തില്‍ ബാങ്ക് തുറന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം നടന്ന സമരപ്പന്തലിന് തൊട്ടടുത്തുള്ള ബാങ്കിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്.സമ്മേളനസ്ഥലത്തിന് ചുറ്റും പൊലീസ് ഉണ്ടായിരുന്നെങ്കിലും ബാങ്കില്‍ നിന്ന് പരാതി ലഭിച്ചതിന് ശേഷമാണ് പൊലീസ് വിവരമറിഞ്ഞത്. കന്റോണ്‍മെന്റ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി തെളിവെടുപ്പ് നടത്തി.