
തിരുവനന്തപുരം:ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു.കരിക്കകം അറപ്പുരവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ അരുണ്‍ഗോപിനാഥിന്റെ ഭാര്യ സ്വപ്നകുമാരി (30), ഏകമകള്‍ ആത്മിക എസ്.നായര്‍(5) എന്നിവരാണ് മരിച്ചത്.കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്.ഈ ഭാഗത്ത് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്ന ഭാഗത്താണ് സ്വപ്നകുമാരിയുടെ കുടുംബവീട്. വീട്ടിലെത്തിയ ശേഷം വൈകിട്ട് ഇവര്‍ സമീപത്തെ അറപ്പുരവിളാകം ക്ഷേത്രത്തില്‍ പോയിരുന്നു. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങാന്‍ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. പാളത്തിന്റെ വശങ്ങളിലേക്ക് തെറിച്ചുവീണ ഇരുവരുടേയും ശരീരം ഏറെനേരം കഴിഞ്ഞാണ് കണ്ടത്.അപകടം നടന്ന ഭാഗത്തിന് സമീപം പാളം വളഞ്ഞുപോകുന്നതിനാല്‍ ദൂരെനിന്നു തീവണ്ടി വരുന്നത് കാണാന്‍ കഴിയില്ലെന്ന് പൊലീസ് പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.