ന്യൂഡൽഹി:സിബിഐ ഡയറക്ടറെ മാറ്റി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി.അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.ജസ്റ്റിസ് എസ്.കെ കൗൾ,കെ.എം ജോസഫ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലോക് വര്‍മ്മ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി.അലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സിവിസി അതിന്‍റെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീന്‍ ചിറ്റ് നല്‍കാതെയുളള റിപ്പോര്‍ട്ടാണ് സിവിസി നല്‍കിയത്. സിബിഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെ വിവാദം ദേശീയരാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അലോക് വര്‍മ്മ ജനുവരി 31-നാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കേണ്ടിയിരുന്നത്.