ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ നിലയ്ക്കും.റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും.സംസ്ഥാനത്തും പണിമുടക്ക് പൂർണ്ണമാണ്.പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ട്രെയിന്‍ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. അന്തര്‍സംസ്ഥാന സര്‍വ്വീസുകളും മുടങ്ങി.വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്സ്പ്രസുകള്‍ തിരുവനന്തപുരത്ത് തടഞ്ഞു. വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.എറണാകുളത്ത് നിന്നുള്ള കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ മുടങ്ങി. വയനാട് നിന്നുളള കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങി.അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല.നിലയ്ക്കല്‍,എരുമേലി, കോട്ടയം തുടങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെവിടെയും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല.പണിമുടക്കിന്റെ ഭാഗമായി കടകള്‍ നിര്‍ബന്ധിപ്പിച്ച് അടക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചേളാരി ഐഒസി പ്ലാന്റിലും എറണാകുളം സെസിലും ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സഹപ്രവര്‍ത്തകര്‍ തടഞ്ഞു. അതേസമയം തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പതിവ് പോലെ കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരെ തടഞ്ഞു.
India, Kerala, News
ജനത്തെ വലച്ച് 48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു;കെഎസ്ആർടിസി അടക്കം ഗതാഗതം മുടങ്ങി;ട്രെയിൻ ഗതാഗതവും താറുമാറായി
Previous Articleകണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി