ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.ജിഎസ്ടി മൂലമുള്ള വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.ബാങ്കിങ‌്, പോസ്റ്റല്‍, റെയില്‍വേ തുടങ്ങി സമസ‌്ത മേഖലയിലും പണിമുടക്ക‌് പ്രതിഫലിക്കും. ടാക‌്സികളും പൊതുവാഹനങ്ങളും പണിമുടക്കുമെന്ന‌് ട്രാന്‍സ‌്പോര്‍ട്ട‌് തൊഴിലാളികളുടെ അഖിലേന്ത്യാ ഏകോപന സമിതി പ്രഖ്യാപിച്ചു. പിന്തുണയുമായി വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന‌് നിരവധി സംഘടനകളാണ‌് രംഗത്തെത്തിയത‌്. ആള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ‌് യൂണിയന്‍ നാഗാലാന്‍ഡ‌് ഘടകവും സംയുക്ത സംഘടനയായ അസം മോട്ടോര്‍ വര്‍ക്കേഴ‌്സ‌് യൂണിയനടക്കമുള്ള സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും.സംഘടിതമേഖലയ‌്ക്കൊപ്പം തെരുവുകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളും പണിമുടക്കും.ശബരിമല വിഷയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ക്ക് പിന്നാലെയാണ് ദേശീയ പണിമുടക്ക്, 19ഓളം തൊഴിലാളി യൂണിയനുകള്‍ പങ്കെടുക്കുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി മാറാനാണ് സാധ്യത.പാല്‍, പത്രം, ആശുപത്രി, ടൂറിസം മേഖലകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി ഒരുതരത്തിലുള്ള ബല പ്രയോഗങ്ങളും ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.