കോഴിക്കോട്:നാളെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാമതില്‍ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അവലോകന യോഗങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുമ്ബോള്‍ കണക്ക് കൂട്ടിയതിനേക്കാള്‍ വനിതകള്‍ പരിപാടിയില്‍ അണിനിരക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ മാത്രം 76 കിലോമീറ്റര്‍ ദൂരത്തില്‍ ഉയരുന്ന വനിതാ മതിലില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.കോഴിക്കോട് ജില്ലയ്ക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള വനിതകളും ജില്ലയിലെ ദേശീയ പാതയില്‍ മതില്‍ തീര്‍ക്കാന്‍ എത്തുമെന്നും കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്ററില്‍ മതില്‍ തീര്‍ക്കുമ്ബോള്‍ ഗിന്നസ് റെക്കോര്‍ഡ് നിരീക്ഷണത്തിനായി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറവും കേരളത്തിലെത്തിയിട്ടുണ്ട്. വൈകുന്നേരം 3.45 ന് ട്രയല്‍ മതില്‍ തീര്‍ത്ത് നാല് മണിക്കായിരിക്കും മതില്‍ സൃഷ്ടിക്കുക. ചുരുങ്ങിയത് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഓരോ ഏരിയാ കമ്മിറ്റികളും മതിലിനായി അണിനിരത്താനുള്ള വനിതകളെ എത്തിക്കേണ്ടത്. ചിലയിടങ്ങളില്‍ അക്രമസാധ്യതയടക്കം ഇന്റലിജന്‍സ് വിംഗ് മുന്നറിയിപ്പ് നല്‍കിയതോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഇവിടങ്ങളില്‍ ഒരുക്കുന്നുണ്ട്.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ വലിയ തോതില്‍ തെരുവിലേക്കിറങ്ങിയതാണ് വനിതാ മതില്‍ എന്ന ആശയത്തിന് വഴിയൊരുക്കിയത്.ഹൈന്ദവ വിശ്വാസികളായ സ്ത്രീകളാണ് വലിയ തോതില്‍ വിശ്വാസത്തിന്‍റെ പേരില്‍ ദുരാചാരത്തിന് ഇരയാവുന്നത് എന്നത് കൊണ്ടാണ് ഹൈന്ദവസംഘടനാ നേതാക്കളെ വനിതാ മതിലിന്‍റെ വിജയത്തിനായി നിയോഗിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.എതായാലും പുതുവര്‍ഷത്തിലെ വനിതാ മതില്‍ സംഘാടകര്‍ കരുതിയത് പോലെ വിജയിക്കുകയാണെങ്കില്‍ സി.പി.എം നേതൃത്വത്തിന്‍റെ സംഘാടന മികവിന്‍റെ വിജയം കൂടിയായിരിക്കും അത്.