Kerala, News

കേരളാ പോലീസിന്റെ ട്രോളുകൾ ആഗോളശ്രദ്ധയിൽ;ഫേസ്ബുക്ക് പേജിനെക്കുറിച്ച്‌ പഠനം നടത്താനൊരുങ്ങി മൈക്രോസോഫ്‌റ്റ്

keralanews kerala polices troll gain global attention microsoft to study about the facebook page

തിരുവനന്തപുരം: കേരള പൊലീസിന്റെ നവമാദ്ധ്യമ ഇടപെടലുകളെക്കുറിച്ച്‌ വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ് പഠനം നടത്താനൊരുങ്ങുന്നു.പൊതുജന സമ്പർക്കത്തിന് നവമാദ്ധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു,അവയുടെ സ്വാധീനം എത്രത്തോളമുണ്ട് എന്ന ഗവേഷണത്തിന് മൈക്രോസോഫ്ട് ഇന്ത്യയിൽ നിന്നും ഗവേഷണത്തിനായി കേരളാ പൊലീസിനെയാണ് തിരഞ്ഞെടുത്തത്.നവമാധ്യമങ്ങളിൽ കേരളാ പോലീസ് ഈയടുത്തിടെ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് ഇതിനു കാരണമായത്. പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തില്‍ പൊലീസിന് ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാണ്. ബംഗളൂരുവിലെ മൈക്രോസോഫ്റ്റ് ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന പഠനത്തിന്റെ ഭാഗമായി ഗവേഷക ദ്റുപ ഡിനിചാള്‍സ് പൊലീസ് ആസ്ഥാനത്തെത്തി. സോഷ്യല്‍ മീഡിയസെല്‍ നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം, മീഡിയസെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഫേസ്ബുക്ക് പേജ് എന്ന നേട്ടം കൈവരിച്ച കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പൊലീസ്, ക്വീന്‍സ് ലാന്‍ഡ് പൊലീസ് എന്നിവയെ പിന്നിലാക്കി.പുതുവത്സരത്തില്‍ ഒരു മില്യണ്‍ പേജ് ലൈക്ക് നേടുക എന്ന ലക്ഷ്യത്തോടെ പൊതുജന സഹായം തേടിയ കേരളാ പൊലീസിന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നത്.മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കുന്ന ഫേസ്ബുക്ക് പേജിലെ കമന്റുകള്‍ക്കുള്ള രസകരമായ മറുപടികളും വൈറലാണ്.

Previous ArticleNext Article