തിരുവനന്തപുരം:കേരള ഗ്രാമീണ്‍ ബാങ്കില്‍ നടന്നുവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു.ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്കിന്റെയും തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെയും സാന്നിധ്യത്തില്‍ ബാങ്ക് ചെയര്‍മാനും യൂണിയന്‍ പ്രതിനിധികളുമായി രാവിലെ മുതല്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിൻവലിച്ചത്.ഡിസംബര്‍ 17 മുതലാണ് സംസ്ഥാന വ്യാപകമായി ഗ്രാമീൺ ബാങ്ക് സമരം ആരംഭിച്ചത്. ബാങ്കില്‍ ഒഴിവുള്ള പ്യൂണ്‍ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു പണിമുടക്ക്.ഗ്രാമീണ ബാങ്കിന്റെ 410 ശാഖകളില്‍ പ്യൂണ്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 633 ശാഖകളും 10 റിജീണല്‍ ഓഫീസുകളുമുള്ള ബാങ്കില്‍ ഇപ്പോള്‍ കേവലം 257 സ്ഥിരം പ്യൂണ്‍മാര്‍ മാത്രമേ നിലവിലുള്ളു.ഒത്തുതീര്‍പ്പ് പ്രകാരം 2016 ല്‍ കണ്ടെത്തിയിരുന്ന 329 വേക്കന്‍സി പുനരവലോകനത്തിന് വിധേയമാക്കും.3 മാസത്തിനകം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം തേടി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ 11 മുതല്‍ മലപ്പുറത്തെ ബാങ്ക് ഹെഡ്‌ഓഫീസില്‍ നടന്നുവന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരവും ഇന്ന് പിന്‍വലിച്ചു.കെ പ്രകാശന്‍, കെ കെ രജിത മോള്‍, കെ ജി മദനന്‍, എന്‍ സനില്‍ ബാബു എന്നിവരാണ് നിരാഹാര സമരത്തിലേര്‍പ്പെട്ടിരുന്നത്.10 ദിവസമായി ബാങ്കില്‍ നടന്നുവന്നിരുന്ന പണിമുടക്കുമൂലം ബാങ്കിടപാടുകള്‍ സ്തംഭിച്ചിരുന്നു.