Kerala, News

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തിരുവനന്തപുരത്തെത്തിയ മനിതി സംഘത്തിന് നേരെ പ്രതിഷേധം

keralanews protest against manithi team who came to visit chief minister in thiruvananthapuram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തിരുവനന്തപുരത്തെത്തിയ മനിതി സംഘത്തിന് നേരെ പ്രതിഷേധം. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലാണ് ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. മുഖ്യമന്ത്രിയെ കാണാന്‍ ഇന്നലെ രാത്രിയോടെയാണ് ഇവര്‍ തലസ്ഥാനത്ത് എത്തിയത്. എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച്‌ പോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് തമിഴ്നാട്ടിലേക്ക് ട്രെയിനില്‍ മടങ്ങിയ സംഘത്തിന് നേരെ യാത്രയ്ക്കിടയിലാണ് ആക്രമണം. തിരുച്ചിറപ്പള്ളി ട്രെയിനിലാണ് ഇവര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. എല്ലാ സ്റ്റേഷനുകളിലും ആര്‍എസ്‌എസുകാര്‍ എത്തുന്നുണ്ടെന്നും ഇവര്‍ തങ്ങളെ ട്രെയിനില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുകയാണെന്നും മനിതി സംഘത്തിലുള്ള വസുമതി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.ഓരോ സ്റ്റേഷനിലുമെത്തുമ്ബോള്‍ ട്രെയിനിന്‍റെ വാതിലില്‍ ഇടിച്ചുകൊണ്ട് തെറി വിളിക്കുകയാണ്. ട്രെയിനില്‍നിന്ന് ഇറങ്ങി വരാനും ആവശ്യപ്പെടുന്നു. ചില സ്റ്റേഷനുകളില്‍ ഇവര്‍ സഞ്ചരിക്കുന്ന കംപാര്‍ട്ടുമെന്‍റിന് നേരെ രൂക്ഷമായ ചീമുട്ടയേറും ഉണ്ടായി.ഓരോ സ്റ്റേഷനും അടുക്കുമ്ബോള്‍ ട്രെയിനിന് ഉളളിലുളളവര്‍ കൊടുക്കുന്ന സന്ദേശമനുസരിച്ചാണ് അക്രമികള്‍ എത്തുന്നതെന്ന് വസുമതി പറ‍ഞ്ഞു. ട്രെയിനില്‍ തങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്നും കൂടുതല്‍ സംരക്ഷണം വേണമെന്നുമാണ് മനിതി സംഘത്തിന്‍റെ ആവശ്യം.തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍നിന്ന് കേരളാ പൊലീസിന്‍റെ ചെറു സംഘവും മനിതി പ്രവര്‍ത്തകരെ അനുഗമിക്കുന്നുണ്ട്.മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ടാണ് ഇവർ തിരുവനന്തപുരത്തെത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശനം നടന്നില്ല.ഇതേ തുടർന്നാണ് മൂന്നംഗ സംഘം തിരികേ പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയത്.ഈ സമയത്ത് വനിതകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ റെയിൽവേ സ്റ്റേഷനിൽ എത്തിചേരുകയായിരുന്നു.ഇതേ തുടര്‍ന്ന് പൊലീസ് മനിതി സംഘാംഗങ്ങളെ ട്രയിനില്‍ കയറ്റി വാതിലും ജനലുകളും അടക്കുകയായിരുന്നു. എന്നാല്‍ ഇവരെ പുറത്തിറക്കാതെ പിരിഞ്ഞു പോകില്ലെന്നും ട്രയിനെടുക്കാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു.എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചില്ല. ഇതിനിടെ ട്രയിന്‍ സ്റ്റേഷന്‍ വിടുകയായിരുന്നു.

Previous ArticleNext Article