മൈസൂരു:ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് 12 മരണം.80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസ്സുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു.പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.ഇന്നലെ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ നിന്നുമാണ് വിഷബാധയേറ്റിരിക്കുന്നത്. അമ്പലത്തിൽ വിശേഷാല്‍ പൂജയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്.പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു വെള്ളിയാഴ്ച. ഇതിന് ശേഷം നല്കിയ പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ച് പേര് ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര് ചടങ്ങിനെത്തിയിരുന്നു.കിച്ചുക്കുട്ടി മാരിയമ്മന്‍ കോവിലുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നു.ഇതിനെ തുടര്‍ന്ന് ആരെങ്കിലും വിഷം കലര്‍ത്തിയതാണോ എന്നും സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ജീവനക്കാരായ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രസാദം വിതരണം ചെയ്യുന്നതിന് മുൻപ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും തനിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തോന്നാത്തതിനാല്‍ പ്രസാദം വിതരണം ചെയ്യുകയായിരുന്നു. പക്ഷെ പ്രസാദം കഴിച്ച തന്റെ മകള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെടുകയായിരുന്നെന്ന് പുട്ടസ്വാമി പറയുന്നു.