ന്യൂഡൽഹി:അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുബോൾ ബിജെപി കനത്ത തിരിച്ചടി നേരിടുന്നു.മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 105 ലും ബിഎസ്പി 4 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും മുന്നിലാണ്.ഭരണത്തിലായിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.
രാജസ്ഥാനിലും ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇവിടെയും കോണ്‍ഗ്രസ് അധികാരമുറപ്പിച്ച് മുന്നേറുകയാണ്. വോട്ടെണ്ണല്‍ നടക്കുന്ന 199ല്‍ കോണ്‍ഗ്രസ് 102 ലും ബിജെപി 69 ലും സിപിഐഎം രണ്ടിലും ബിഎസ്പി 6 ലും മറ്റുള്ളവര്‍ 20 ലും മുന്നിലാണ്.
ഭരണത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢിലും കനത്ത പരാജയമാണ് ബിജെപി നേരിടുന്നത്.ആകെ 90 സീറ്റില്‍ 62 ലും കോണ്‍ഗ്രസ് മുന്നിലാണ്. 13 ഇടത്താണ് ബിജെപി മുന്നിലുള്ളത്. മറ്റുള്ളവര്‍ 9 ടത്ത് ലീഡ് ചെയ്യുന്നു.
തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. ടിആര്‍എസിന് 86ഉം കോണ്‍ഗ്രസിന് 21ഉം സീറ്റാണ് ലഭിച്ചിരിക്കുന്നത്.മിസോറാമില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്തള്ളി എംഎന്‍എഫ് മുന്നേറി.ആകെ 40 സീറ്റില്‍ എംഎന്‍എഫ് 27 സീറ്റിലും കോണ്‍ഗ്രസ് എട്ടിലും മറ്റുള്ളവര്‍ അഞ്ചിടത്തും മുന്നിലാണ്. ഇവിടെ എംഎന്‍എഫ് അധികാരത്തിലെത്തും.