India, News

എച് ഐ വി ബാധിതയായ യുവതി ചാടി ജീവനൊടുക്കിയ കർണാടകയിലെ 32 ഏക്കർ തടാകം വറ്റിച്ചു

keralanews villegers drain entire lake after hiv infected lady committed suicide in it

ബെംഗളൂരു:എച് ഐ വി ബാധിതയായ യുവതി ചാടി ജീവനൊടുക്കിയ തടാകം നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ വറ്റിച്ചു. കര്‍ണാടക ഹുബ്ബള്ളിയിലെ മൊറാബ് ഗ്രാമത്തിലെ 32 ഏക്കർ വിസ്തൃതിയുള്ള തടാകമാണ് ബുധനാഴ്ച വറ്റിച്ചത്. 20 സിഫോണുകളും നാലു മോട്ടോര്‍ പമ്പുകളും തടാകം വറ്റിക്കാന്‍ ഉപയോഗിച്ചു. കഴിഞ്ഞ മാസം 29-നാണ് എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടിയുടെ മൃതദേഹം തടാകത്തില്‍നിന്നു കണ്ടെടുത്തത്. പാതി മീന്‍ കൊത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ജനങ്ങള്‍ ഈ തടാകത്തില്‍നിന്നാണ് വെള്ളമെടുക്കുന്നത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയതോടെ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. തടാകത്തിലെ ജലത്തില്‍ എച്ച്‌ഐവി വൈറസ് കലര്‍ന്നിട്ടുണ്ടാകുമെന്നാണു ഇവരുടെ വാദം.നാട്ടുകാരുടെ ആവശ്യത്തിനു വഴങ്ങാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്ന് നവാല്‍ഗുണ്ട് തഹസീല്‍ദാര്‍ നവീന്‍ ഹുള്ളുര്‍ പറഞ്ഞു.വറ്റിച്ച തടാകം ശുദ്ധീകരിച്ചശേഷം സമീപത്തെ മലാപ്രഭ കനാലില്‍നിന്ന് വെള്ളം എത്തിച്ച്‌ തടാകം നിറയ്ക്കാനാണ് അധികൃതരുടെ ശ്രമം. ഈ മാസം ഇരുപതോടെ തടാകം നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, നാട്ടുകാരുടെ ഭയത്തിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ.നാഗരാജ് പറഞ്ഞു. എച്ച്‌ഐവി വൈറസിന് എട്ടു മണിക്കൂറില്‍ കൂടുതല്‍ വെള്ളത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നും 25 ഡിഗ്രി സെന്‍റിഗ്രേഡില്‍ കൂടുതല്‍ താപനിലയില്‍ വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Previous ArticleNext Article