പത്തനംതിട്ട:ചിത്തിരയാട്ട സമയത്ത് സന്നിധാനത്തെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി.പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.വധശ്രമക്കേസില്‍ പ്രതി ചേര്‍ത്തതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. കേസില്‍ പ്രതിയായ മറ്റ് നാല് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. അതേസമയം, 2013ല്‍ യു.പി.എ സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ട്രെയിന്‍ തടയാന്‍ ശ്രമിച്ചതിന് കെ.സുരേന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാവില്ല.ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സുരേന്ദ്രന് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.എന്നാല്‍ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്നും സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും സുരേന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.