പത്തനംതിട്ട:ചിത്തിരയാട്ട വിശേഷ സമയത്ത് സന്നിധാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.ഭാര്യയെയും മകനെയും ഫോണ്‍ ചെയ്യാന്‍ അനുമതി നല്‍കണം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രന്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നലെയാണ് സുരേന്ദ്രനെ 14 ദിവസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തത്. കേസില്‍ ജാമ്യം ലഭിച്ചാലും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ് ഉള്ളതിനാല്‍ സുരേന്ദ്രന്‍ ജയില്‍ മോചിതനാവില്ല.