കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി രണ്ടുദിവസം മാറ്റിവയ്ക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നാല് യുവതികളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലാണ് ഇക്കാര്യം അറിയിച്ചത്.യുവതീ പ്രവേശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയോ എന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആരാഞ്ഞു. യുവതീ പ്രവേശനത്തിനായി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എത്രസമയം വേണ്ടിവരുമെന്നും കോടതി ചോദിച്ചു. യുവതികള്‍ക്ക് പ്രവേശനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്ത് ക്രമീകരണം ഒരുക്കാനാകുമെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി..രണ്ടു ദിവസം അക്രമികളെ ശബരിമലയിലും പരിസരത്തുനിന്ന് പൂര്‍ണമായും ഒഴിവാക്കി സ്ത്രീകള്‍ക്ക് മാത്രമായി ദര്‍ശനത്തിനു സൗകര്യം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തങ്ങളുടെ മൗലികാവകാശം തടയപ്പെട്ടിരിക്കുകയാണന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു .വ്യക്തിയുടെ മൗലീകാവകാശം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പൊതു സമുഹത്തിന്റെ മൗലീകാവകാശങ്ങള്‍ എന്നും താല്‍പ്പര്യങ്ങളുടെ വൈരുധ്യം പരിഗണിക്കപ്പെടുമ്ബോള്‍ പൊതു സമൂഹത്തിന്റെ അവകാശമാണ് കൂടുതല്‍ പ്രധാനമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു .