പത്തനംതിട്ട:ശബരിമലയിലെ നിരോധനാജ്ഞ നവംബർ 26 ന് അർധരാത്രി വരെ നീട്ടി.ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.അതേസമയം ശബരിമല ദർശനത്തിനെത്തുന്ന ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ ഈ ഉത്തരവ് മൂലം യാതൊരു തടസവും ഇല്ല. യുവതി പ്രവേശന വിധി വന്നശേഷം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 84 കേസുകൾ രജിസ്റ്റർ ചെയ്തതും മണ്ഡലമാസ പൂജ തുടങ്ങിയതിന് ശേഷം 72 പേരെ അറസ്റ്റ് ചെയ്തതും നിരോധനാജ്ഞ തുടരണമെന്ന ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.ഇതോടൊപ്പം തുലാമാസ പൂജാ വേളയിലും ചിത്തിര ആട്ടവിശേഷസമയത്തും നടന്ന അക്രമസംഭവങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ തുടരുന്നതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണെന്ന വിലയിരുത്തലിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നാല് ദിവസമാക്കി ചുരുക്കിയത്.