തലശേരി: കണ്ണൂര്‍ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചുവെന്ന പരാതിയിൽ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്ബ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ വീട്ടില്‍ കയറിയ അക്രമികൾ ശരത്തിന്റെ അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചുവെന്നാണ് പരാതി. മാരകായുധങ്ങളുമായി എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ രജിതയുടെ രണ്ട് പവന്‍ സ്വര്‍ണമാല അപഹരിച്ചതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ രജിതയെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് സി.പി.എം – ബി.ജെ.പി സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്.