പത്തനംതിട്ട:അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്കു ജാമ്യം അനുവദിച്ചു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആര്‍ഡിഒയാണു ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയെ പോലീസ് സന്നിധാനത്തെത്തിക്കും. പോലീസ് സുരക്ഷയില്‍ തന്നെ അറസ്റ്റു ചെയ്തിടത്തു തന്നെ തിരികെയെത്തിക്കണമെന്ന ശശികലയുടെ ആവശ്യം അംഗീകരിച്ചാണു നടപടി.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ശനിയാഴ്ച പുലര്‍ച്ചെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലേക്കു പോകാനായി എത്തിയ ശശികലയെ രാത്രി ഒൻപതരയോടെ മരക്കൂട്ടത്തുവച്ചു പോലീസ് തടഞ്ഞിരുന്നു.പത്തിനു നട അടയ്ക്കുന്ന സാഹചര്യത്തില്‍ രാത്രിയില്‍ യാത്ര ഉപേക്ഷിക്കണമെന്നും തിരിച്ചുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പോലീസുമായി മരക്കൂട്ടത്തു തര്‍ക്കമുണ്ടായി. ശബരിമലയിലെത്താതെ താന്‍ തിരികെ പോകില്ലെന്നു ശശികല പോലീസിനെ അറിയിച്ചു. ഇതോടെയാണ് അഞ്ചു മണിക്കൂറിനുശേഷം പോലീസ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദി ഇന്ന് ഹർത്താലാചരിച്ചു.ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പോലീസ് സമ്മതിച്ച സാഹചര്യത്തില്‍ റാന്നി പോലീസ് സ്റ്റേഷനു പുറത്ത് സമരക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.