കൂത്താട്ടുകുളം:കൂത്താട്ടുകുളത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിഎംഎസ് നേതാവ് ഉൾപ്പെടെ രണ്ടു പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കേസിലെ മുഖ്യപ്രതി ബിഎംഎസ് മേഖല പ്രസിഡന്റും ആർഎസ്എസ് നേതാവുമായ കുമ്മണം രാജു എന്ന കെ.കെ രാജു,രണ്ടാം പ്രതി കൂത്താട്ടുകുളം മേനാമറ്റം മനോജ് എന്നിവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് എസ്‌ഐ ബ്രിജിത് കുമാർ അറിയിച്ചു.പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് തെളിവ് ശേഖരിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കൂത്താട്ടുകുളം ടൗണിൽ ഓട്ടോ ഓടിക്കുന്ന രാജു പമ്പിൽ ഡീസൽ അടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെ പമ്പിലെ ജീവനക്കാരനായ വഴിത്തല കൊച്ചുപറമ്പിൽ അമൽ ദിവാകരനെ മർദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.