Kerala

നെയ്യാറ്റിൻകര കൊലപാതകം;അന്വേഷണം ക്രൈംബ്രാഞ്ചിന്

keralanews crime branch will investigate neyyattinkara murder case

തിരുവനന്തപുരം:വാക്കുതർക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും.എസ്.പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥനായത് കൊണ്ട് പൊലീസില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന സംഘത്തില്‍ വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ ഭാര്യ വിജിയും പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് വിടാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥനെതിരായ കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ വിവാദങ്ങളുണ്ടാകുമെന്നും അതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് 2010 ല്‍ സര്‍ക്കാര്‍ ഉത്തരവുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അതിനിടെ കേസിൽ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിനെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കാനും തീരുമാനമുണ്ട്.

Previous ArticleNext Article