കണ്ണൂർ:വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ സ്കൂളുകളിൽ ജാഗ്രത സമിതികൾ രൂപീകരിക്കുന്നു.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമിതികൾ രൂപീകരിക്കുന്നത്.’ലഹരിയിൽ നിന്ന് വിമുക്തി,കൈകോർക്കുക ജീവിതത്തിനായി’ എന്ന മുദ്രാവാക്യമുയർത്തി എക്സൈസ്,ആരോഗ്യം,വിദ്യാഭ്യാസ വകുപ്പുകൾ,സ്കൂൾ പിടിഎ ഭാരവാഹികൾ,സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ ഐആർപിസി എന്നിവയെ ഉൾപ്പെടുത്തിയാണ് ജാഗ്രത സമിതികളുടെ പ്രവർത്തനം.ഇതിനായി ജില്ലയിലെ 171 ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഈ മാസം മുപ്പതിന് മുൻപായി സമിതികൾ രൂപീകരിക്കും. ജില്ലാപഞ്ചായത്തംഗം ചെയർമാനായ സമിതിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എക്സൈസ്,പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ,ഐആർപിസി കൺവീനർ,വാർഡ് മെമ്പർ,പി എച് സി ഡോക്റ്റർ,വിദ്യാർത്ഥി പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും.ജാഗ്രത സമിതിയുടെ പ്രവർത്തനത്തിനായി വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ മൊഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്.അതനുസരിച്ഛ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തും.പദ്ധതിയുടെ ജില്ലാ തല ഉൽഘാടനം ഈ മാസം പന്ത്രണ്ടിന് സിറ്റി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കും.ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ ഉറവിടങ്ങൾ കണ്ടെത്തി തടയുള്ള നടപടികൾ സ്വീകരിക്കുന്നതിനായി രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ നൽകും. പുതുതലമുറ ലഹരിമരുന്നുകൾ തിരിച്ചറിയുന്നതിനായി ജില്ലാതലത്തിൽ അദ്ധ്യാപകർക്ക് ശാസ്ത്രീയ പരിശീലനവും നൽകും.