പത്തനംതിട്ട: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കോന്നി-അടവി- ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു.ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഗവി റൂട്ടിലെ സഞ്ചാരയോഗ്യമല്ലാത്ത റോഡ് ഒഴിവാക്കി താല്‍ക്കാലികമായ യാത്രാ മാര്‍ഗമാണ് ഒരുക്കിയിരിക്കുന്നത്. കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്ന് രാവിലെ 7ന് യാത്ര തിരിച്ച് ഗവിയില്‍ എത്തി രാത്രി 9.30നു തിരികെയെത്തുന്ന വിധമാണ് യാത്ര.വനംവകുപ്പിനു കീഴിലുള്ള ടൂര്‍ പാക്കേജ് സുരക്ഷിതവും സൗകര്യപ്രദവുമാണ്. കാട്ടുമൃഗങ്ങളും പക്ഷികളും കാഴ്ചകളും കണ്ടറിഞ്ഞ് വേറിട്ട യാത്രാനുഭവമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്ന് യാത്ര ആരംഭിച്ച് അടവിയിലെത്തി കുട്ടവഞ്ചി സവാരി നടത്തിയ ശേഷം പ്രഭാത ഭക്ഷണം.തുടര്‍ന്ന് തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, പ്ലാപ്പള്ളി, കോരുത്തോട്, മുണ്ടക്കയം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍, വള്ളക്കടവ് വഴി ഗവിയിലെത്തും. ഇതില്‍ വള്ളക്കടവ് ചെക് പോസ്റ്റ് മുതല്‍ ഗവി വരെ ടൈഗര്‍ റിസര്‍വ് മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഗവിയില്‍ നിന്ന് തിരികെ വള്ളക്കടവ്, പരുന്തുംപാറ, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി, കുമ്ബഴ വഴി തിരികെ കോന്നിയിലെത്തുന്ന വിധമാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.കോന്നി എഫ്ഡിഎ (ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സി) തീരുമാനപ്രകാരം നവംബര്‍ 1 മുതൽ ഈ ടൂര്‍ പാക്കേജിന്റെ യാത്രാ നിരക്കില്‍ 300 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്.യാത്രയ്ക്ക് ഒരാള്‍ക്ക് 2000 രൂപയും 10 മുതല്‍ 15 പേര്‍ വരെയുള്ള സംഘത്തിലെ ഓരോരുത്തര്‍ക്കും 1900 രൂപയും 16 പേരുള്ള സംഘത്തിലെ ഓരോരുത്തര്‍ക്കും 1800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുന്‍പ് ഇത് യഥാക്രമം 1700, 1600, 1550 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.