ന്യൂഡല്‍ഹി: നവംബര്‍ അഞ്ചാം തീയതി നട തുറക്കാനിരിക്കെ ശബരിമല പുനഃപരിശോധന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് നട തുറക്കുന്നതെന്നും അതിനാല്‍ നവംബര്‍ 11ന് ശേഷം വാദം കേള്‍ക്കുന്നതില്‍ മാറ്റം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും കേസിന്റെ അടിയന്തര സ്വഭാവവും കണക്കിലെടുത്ത് ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ഒരു കൂട്ടം അഭിഭാഷകരുടെ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. നവംബര്‍ അഞ്ചിന് ചിത്തിര ആട്ടത്തിനായി ഒരു ദിവസത്തേക്ക് ശബരിമല നട തുറക്കുമ്പോൾ വനിതാ പൊലീസുള്‍പ്പെടെ 1500 പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കാനാണ് പൊലീസ് പദ്ധതി. നട തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസിന് സംസ്ഥാന വ്യാപക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.