Kerala, News

സർക്കാരിന്റെ സാലറി ചലഞ്ച്;വിസമ്മതപത്രം വേണ്ടെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു

keralanews the supreme court has upheld the hc verdict on the governments salary challenge

ന്യൂഡൽഹി:നവകേരള നിര്‍മ്മാണത്തിനായുളള സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. സാലറി ചലഞ്ചില്‍ പങ്കെടുത്ത് പണം നല്‍കാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണം എന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് സുപ്രീം കോടതി ശരിവെച്ചു. ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.വിസമ്മത പത്രത്തിന് വേണ്ടി സര്‍ക്കാര്‍ എന്തിനാണ് വാശി പിടിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. വിസമ്മതപത്രമെന്നത് വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ തങ്ങളും പണം നല്‍കിയിട്ടുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍ കൊണ്ടും പണം നല്‍കാന്‍ സാധിക്കാത്ത ആളുകളുണ്ടാവും. അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല. എന്നാല്‍ അതിന്റെ പേരില്‍ വിസമ്മത പത്രം നല്‍കി അപമാനിതരാകേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ പണം ആ ആവശ്യങ്ങള്‍ക്ക് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ ഉറപ്പില്ല. ആ വിശ്വാസം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയെടുക്കേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം സാലറി ചലഞ്ചിലെ സുപ്രീം കോടതി വിധി തിരിച്ചടിയാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് സമ്മതിച്ചു. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം പണം ഈടാക്കൂ എന്നും തോമസ് ഐസക് പറഞ്ഞു.അതിനിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. വടി കൊടുത്ത് അടി വാങ്ങുന്നത് പോലെ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാര്‍ ചോദിച്ച്‌ വാങ്ങിയ വിധിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

Previous ArticleNext Article