Business, India, Technology

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ കളർ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മുംബൈ സ്വദേശി

keralanews mumbai resident gets countrys first green car plates

മുംബൈ:ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മുംബൈ സ്വദേശി.താനെ സ്വദേശി അവിനാശ് നിമോൻകറിനാണ് ഇക്കഴിഞ്ഞ ദസറ ഉത്സവകാലത്ത് താൻ സ്വന്തമാക്കിയ മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക്ക് കാറായ ഇ വെരിറ്റോയ്ക്ക് ഗ്രീൻ നമ്പർ പ്ലേറ്റ് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇന്നോവേഷൻ ഫോർ മാൻകൈൻഡ്’എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടറും സി ഇ ഒയുമാണ് നിമോൻകാർ.വായുമലിനീകരണം ഇല്ലാതെ പരിസ്ഥിതി സൗഹാർദമായ ഇലക്ട്രിക്ക് വാഹനങ്ങൾക്കാണ് ഗ്രീൻ നമ്പർ പ്ലേറ്റ് നൽകുന്നത്.സ്വകാര്യ ഇലക്ട്രിക്ക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പച്ച നിറമുള്ള പ്രതലത്തിൽ വെള്ള നിറത്തിലുള്ള അക്കങ്ങളിലും മറ്റു വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള അക്കങ്ങളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിമോൻകറിന്റെ അഭിപ്രായത്തിൽ 8-10 മണിക്കൂർ വരെ ചാർജ് ചെയ്യുമ്പോൾ ഏകദേശം 150 കിലോമീറ്റർ വരെ കാറിന് മൈലേജ് ലഭിക്കും.മാത്രമല്ല ഇതിനായി  49 രൂപ മാത്രമേ ചിലവും വരുന്നുള്ളൂ.അന്തരീക്ഷ മലിനീകരണം വളരെ കുറവാണെന്നുള്ളതാണ് കാറിന്റെ മറ്റൊരു പ്രത്യേകത.ഡിസി ചാർജിങ് സ്റ്റേഷനുകളിൽ കാർ ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 45 മിനിറ്റ് എടുക്കും.ഗിയർ ഇല്ല,എൻജിൻ ഇല്ല,ഓയിൽ ചെയ്യേണ്ട ആവശ്യകതയില്ല എന്നിവയും ഇത്തരം ഇലക്ട്രിക്ക് കാറുകളുടെ പ്രത്യേകതയാണ്.ഇന്ധന വിലവർദ്ധനവ് ഇത്തരം കാറുകളെ ബാധിക്കുകയില്ല. ഇത്തരം കാറുകളെ റോഡ് ടാക്സിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല ഇവയ്ക്ക് രെജിസ്ട്രേഷൻ ഫീസും ആവശ്യമില്ല.മുംബൈ താനെ രജിസ്റ്റർ ഓഫീസിലാണ് വാഹനം രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം പത്തരലക്ഷം രൂപയാണ് ഇത്തരം കാറുകളുടെ വില.കാറിനായി മഹാരാഷ്ട്ര സർക്കാരിന്റെ ഒരുലക്ഷം രൂപയുടെ സബ്‌സിഡിക്ക് പുറമെ കേന്ദ്ര ഗവണ്മെന്റിന്റെ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള സബ്‌സിഡി സ്കീമായ ഫെയിം(FAME-Faster Adoption and Manufacturing of Hybrid and Electric Vehicle scheme)) ന്റെ 1.38 ലക്ഷം രൂപ സബ്‌സിഡിയും നിമോൻകറിനു ലഭിച്ചു.

Previous ArticleNext Article