കൊച്ചി:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സ്ഥിതി അതീവഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണര്‍ റിപ്പോർട്ട്.ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പരാമർശമുള്ളത്.പ്രക്ഷോഭകാരികളും വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ എത്തിയ കുറച്ചാളുകളും ശബരിമലയില്‍ നിലയുറപ്പിച്ചിരിക്കുന്നു. നിലയ്ക്കല്‍, പന്പ, ശബരി പീഠം എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. 50 വയസിനു മുകളിലുളള സ്ത്രീകളെ വരെ തടയുന്ന സ്ഥിതി ഉണ്ടായി. മണ്ഡലക്കാലത്ത് നട തുറക്കുന്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് സ്പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. അക്രമത്തിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്കും പോലീസിനും ജീവാപായം ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നവംബര്‍ അഞ്ചിനാണ് മണ്ഡലകാല പൂജയ്ക്ക് വേണ്ടി നട തുറക്കുക. ഈ വേളയിലും സമരക്കാരുടെ സാന്നിധ്യമുണ്ടാകാം. ശബരിമലയില്‍ ഇതുവരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.